ആമുഖം*******
പത്താം ക്ലാസ്സില്‍ വച്ച് ടൂട്ടോറിയല്‍് കോളേജിലെ ഫിസിക്സ് പഠിപ്പിക്കുന്ന റെജികുമാര്‍ സര്‍ ഒരു കോമഡി അടിക്കുന്നതിനിടയില്‍ പറഞ്ഞു "ദൈവം തരുന്ന ജീവിതം എങ്ങനെയും ആസ്വദിക്കാന്‍ ഉള്ളതാണ്. അങ്ങനെ ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗത്ത് പോകുകയുള്ളൂ. അല്ലാത്തവര്‍ നരകത്തിലേക്കും." ഈ വാചകങ്ങള്‍ ആണ് ഈ താഴെയുള്ള പ്രഹസനത്തിന് ആധാരം.
ഇവിടെ തുടങ്ങുന്നു***************
പ്രഭാതസൂര്യന്റെ ഇളം കിരണങ്ങള്‍ കണ്ണില്‍ അടിച്ചപ്പോഴാണ് അന്ന് അയാള്‍ ഉണര്‍ന്നത്. തലക്കല്‍ വച്ചിരുന്ന ദ്രവിച്ചു നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പെട്ടിയും എടുത്ത് അയാള്‍ അന്നത്തെ യാത്ര ആരംഭിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാളുടെ പേര് ഗോപാലന്‍ എന്നായിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ അയാള്‍ സ്വന്തം പേര് പോലും മറന്നു പോയിരുന്നു. മറക്കാന്‍ ശ്രമിച്ചിരുന്നു. അയാള്‍ക്ക് എല്ലാം ഉണ്ടായിരുന്നു. പക്ഷെ അവര്‍ എല്ലാവരും ഒരു ദുരന്തമായി അവസാനിച്ചിരുന്നു.
യാത്രക്കിടയില്‍ അയാള്‍ റോഡരികില്‍ ഉള്ള ഒരു ടാപ്പിന്‍ ചുവട്ടിലെത്തി. തലേദിവസം പെട്ടിയില്‍ കരുതി വച്ചിരുന്ന മാവില കയ്യില്‍ എടുത്തു. നടപ്പാതയില്‍ പറന്നു നടന്നിരുന്ന ഉണങ്ങിയ ഇലകള്‍ കണ്ടപ്പോള്‍ അയാള്‍ ഒരു നെടുവീര്‍പ്പോടെ തന്റെ തലയില്‍ അങ്ങിങ്ങായി അവശേഷിച്ചിരുന്ന നരച്ച ഇഴകളെ തടവി.
തെരുവ് മാജിക് നടത്തിയാണ് അയാള്‍ ജീവിച്ചിരുന്നത്. പഴകിയ വിദ്യകള്‍ക്ക് കാഴ്ചക്കാര്‍ കുറവാരുന്നെങ്കിലും ഒരു ദിനചര്യ പോലെ അയാള്‍ അത് കൊണ്ട് നടന്നിരുന്നു. നഗരത്തില്‍ അയാള്‍ തന്റെ വേദി കണ്ടെത്തി. നഗര
സംസ്കാരം നശിപ്പിക്കാതെ നിര്‍ത്തിയിരുന്ന ഒരു വൃക്ഷം ആയിരുന്നു അത്.
സ്വയം പ്രേരിത മരണത്തിന്റെ വക്കില്‍ നിന്നും പല തവണ അയാള്‍ തിരിച്ചു വന്നിരുന്നു. അത് കൊണ്ട് തന്നെ മരണത്തെ അയാള്‍ക്ക് തപസു കൊണ്ട് നേടണമാരുന്നു. ഒടുവില്‍ മരണ ദേവന്‍ അയാള്‍ക്ക് മുന്നില്‍ കീഴടങ്ങി. അല്ല, അയാള്‍ കീഴടക്കി. അയാള്‍ക്ക് വരമായി മരണം വിധിക്കപ്പെട്ടു.
* * * * * * * * * *
സ്വര്‍ഗ്ഗവും നരകവും കൈവഴികളായി പിരിയുന്നിടത്ത് അയാളുടെ ആത്മാവിനു കുറച്ചു ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി മരണത്തെ തപം കൊണ്ട് നേടിയെടുത്തത് കൊണ്ട് ഗോപാലാത്മാവിനു ലഭിച്ചത് മരണ ദേവന്റെ അതിഥി മന്ദിരമാണ്. വിശിഷ്ട ആത്മാവിനു സ്വര്‍ഗ്ഗവും നരകവും കാണുവാനുള്ള അനുമതിയും ഇന്ദ്രിയ ശക്തിയും ലഭിച്ചു.
ആദ്യമായി വിധിക്കപ്പെട്ടത് സ്വര്‍ഗ്ഗ സന്ദര്‍ശനം ആയിരുന്നു. വളരെയേറെ ആത്മാക്കളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്ന സ്വര്‍ഗത്തിന് ആ പേര് ഒരു കളങ്കം ആയിരുന്നു. ചിത്രഗുപ്തന്റെ പുസ്തകത്തില്‍ നിന്നും ഗോപാലാത്മാവിനു മനസ്സിലായത്, അവിടെ ഉള്ളതെല്ലാം ഭൂമിയില്‍ ജീവിച്ചിരുന്ന ക്രൂരന്മാരുടെ ആത്മാക്കള്‍ ആണെന്നാണ്. കാരണം ദൈവം കൊടുത്ത ജീവിതം അവര്‍ കൊള്ളയടിച്ചും കൊല ചെയ്തും ആസ്വദിച്ചു.
നരകത്തിന്റെ പ്രവേശന കവാടം തന്നെ പൊട്ടിപ്പൊളിഞ്ഞു പോയിരുന്നു. സ്വര്‍ഗത്തിന്റെ അത്ര വിഷിഷ്ടത ഇല്ലാരുന്നുവെങ്കിലും വിശാലമാരുന്നു നരകം. അവിടെ ആത്മാക്കള്‍ വളരെ കുറവായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ച മഹാന്മാര്‍ ആരുന്നു. എങ്കിലും അവരില്‍ പലരും അവിടെ ഇല്ലല്ലോ എന്നാ ഗോപാലാത്മാവിന്റെ സംശയത്തിനു, അവര്‍ക്ക് ജീവിതം ആസ്വദിക്കുവാന്‍ പുനര്‍ജ്ജന്മം അനുവദിച്ചിരുന്നു എന്നാരുന്നു മറുപടി. അതെ നരകത്തിലെ കഷ്ടപ്പെടുത്തലുകള്‍ക്ക് ശേഷം ഒരു പുനര്‍ജ്ജന്മം.
സ്വര്‍ഗ്ഗത്തിലെ തിക്കും തിരക്കും കാരണം അധികാരികള്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതെ ആയി. സ്വര്‍ഗ്ഗ-നരക അധിപതികള്‍ അടിയന്തിരമായി സമ്മേളിച്ചു. ഗോപാലാത്മാവും ഉണ്ടായിരുന്നു. പരിഹാരം നിര്‍ദ്ദേശിച്ചത് ഗോപാത്മാവ് ആയിരുന്നു. അത് ഇപ്രകാരം, "ദുഷ്ടാത്മാക്കളെ നരകത്തില്‍
പാര്‍പ്പിക്കുകയും, ഭൂമിയില്‍ ദൈവീകമായ പ്രവൃത്തികള്‍ ചെയ്യുന്ന പുണ്ണ്യ -ആത്മാക്കളെ സ്വര്‍ഗ്ഗത്തിലും പാര്‍പ്പിക്കുക. ആ നിര്‍ദേശം എല്ലാര്ക്കും സ്വീകാര്യമായിരുന്നു.
ഗോപാലാത്മാവിനു വിശ്രമിക്കെണ്ടിയിരുന്നു. അതിഥി മന്ദിരത്തിലേക്ക് ഉള്ള വഴി മദ്ധ്യേ ആത്മാവിനു ഇന്ദ്രിയ ശക്തി നഷ്ടപ്പെട്ടു. പിന്നെ ആതമാവിന് ഒന്നും കാണുവാന്‍ കഴിഞ്ഞില്ല. എങ്ങും ശൂന്യത മാത്രം..
* * * * * * * * * * * * * *
പെട്ടെന്ന് അയാള്‍ ഞെട്ടിയുണര്‍ന്നു. ഒരു വിചിത്രമായ സ്വപ്നത്തിന്റെ അന്ത്യം. ഉച്ച സൂര്യന്റെ തീക്ഷ്ണ രശ്മികള്‍ വാഹനങ്ങളുടെ ഭാഗങ്ങളില്‍ തട്ടി അയാളിലേക്ക് പ്രതിഭലിക്കുന്നുണ്ടായിരുന്നു. അയാള്‍ എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി, ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന ലക്ഷ്യബോധമില്ലാതെ...
***** ശുഭം *****